
കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ, മുൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാട് കുന്നത്ത് വീട്ടിൽ കെ.സി. ഷാജു (59) ആണ് അറസ്റ്റിലായത്. മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് ഷാജു. മുഴക്കുന്ന് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൗൺസലിങ്ങിനെത്തിയ പെൺകുട്ടിയെ വീട്ടിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
അറസ്റ്റിലായ ഷാജുവിനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ പദവിയിൽ നിന്ന് വിരമിച്ച ശേഷം ഇയാൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ്, അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയംഗമായാണ് പ്രവർത്തിച്ചിരുന്നത്.
കണ്ണൂർ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസലിങ്ങ് പരിപാടികളും നടത്തിയിരുന്ന വ്യക്തിയാണ് ഷാജു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.











